ലോകത്തിന്റെ മുനമ്പിലേക്ക് , മനസ്സിനിണങ്ങിയവരുമായൊരു സ്വപ്നയാത്ര...

യാത്ര വിവരണം
എഴുത്ത് : മുസമ്മിൽ.എം.പി

(Edge of world)  റിയാദ് സഞ്ചാരി കൂട്ടം ഒന്നിച്ചപ്പോൾ..


EDGE OF WORLD...
ലോകത്തിന്റെ മുനമ്പിലേക്ക് , മനസ്സിനിണങ്ങിയവരുമായൊരു സ്വപ്നയാത്ര...

ഇങ്ങനെ പ്രകൃതിയുടെ ഒരു പ്രതിഭാസം റിയാദിൽ നിന്ന് അധിക ദൂരമല്ലാതെ ഉള്ളത് അറിയുന്നത്,

പക്ഷെ കൃത്യമായ വഴിയോ, പ്രദേശത്തെ പറ്റിയുള്ള ധാരണയോ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒരു യാത്ര സ്വപ്നമായി തന്നെ മാറി...

അങ്ങനെ കഴിഞ്ഞ വർഷം സഞ്ചാരി റിയാദ് യൂണിറ്റിന്റെ രൂപീകരണ ശേഷം, എഡ്ജ് ഓഫ് വേൾഡ് യാത്ര വീണ്ടും ഒരു ചർച്ചക്ക് തുടക്കമിട്ടു... അപ്പോഴും , ഫോർ വീൽ ഡ്രൈവ് വാഹനമില്ലാത്തതും, കൃത്യമായി ട്രിപ്പ് കോർഡിനെറ്റു ചെയ്യാൻ മുൻപരിചയം ഇല്ലാത്തവരും,യാത്രക്ക് വിലങ്ങു തടിയായി... പിന്നീട് ചൂട് കാലം കഴിയുന്നത് വരെ കാത്തിരുന്നു അടുത്ത ചർച്ചക്ക് ...

ഇത്തവണ പക്ഷെ വ്യക്തമായ ധാരണയോടെയുള്ള ഒരുക്കം തന്നെ ആയിരുന്നു നടത്തിയത്, ട്രിപ്പ് ഓർഗനൈസ് ചെയ്യാൻ Rajesh മുന്നോട്ട് വന്നതും , അതിനു വേണ്ടി ഒരാഴ്ച മുന്നേ അവിടെ ചെന്ന് പ്ലാനും,ലൊക്കേഷൻ മാപ്പിൽ സേവ് ചെയ്തു ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി... ചർച്ച തുടങ്ങി വെച്ചത് യൂണിറ്റിലെ ഇരുപത്തഞ്ചോളം അംഗങ്ങൾ ,നാലോ അഞ്ചോ വാഹനത്തിൽ പോകാൻ ആയിരുന്നു... കാരണം മറ്റു യാത്രകളെ പോലല്ലാ.. അഡ്വഞ്ചർ യാത്രകൾ... തെന്നി തെറിച്ചു പോവുന്ന ചരൽ കുന്നുകൾ, പണ്ട് വെള്ളം ഒഴുകിയിരുന്ന കുത്തനെ ഉള്ള വെള്ള ചാലുകൾ , കൃത്യമായ ഡ്രൈവിങ് ഇല്ലെങ്കിൽ താഴ്ന്നു പോവുന്ന മണൽ തട്ടുകൾ... ഇക്കാരണങ്ങൾ കൊണ്ട് വലിയ ഒരു ട്രിപ്പ് ഒരു വലിയ ബാധ്യത ആവും...

പക്ഷെ റിയാദിലെ സഞ്ചാരികളുടെ ആവേശത്തിൽ ഞങ്ങൾക്ക് തീരുമാനത്തിൽ മാറ്റം വരുത്തേണ്ടി വന്നു...

അങ്ങനെ റിയാദ് സഞ്ചാരി യൂണിറ്റിന്റെ ചരിത്ര മുഹൂർത്തിനു ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് തുടക്കമായി...

ഇരുപത്തിമൂന്ന് ഫോർവീൽ വാഹനങ്ങളിലായി ,കുട്ടികളും,കുടുംബവുമായി യാത്ര പുറപ്പെട്ടത് നൂറ്റിയമ്പത്തോളം സഞ്ചാരികൾ...

പുതു തലമുറക്കാരൻ

ഒരു വയസ്സുള്ള Sadath ഭായുടെ മോൻ മുതൽ, വിസിറ്റിങ്ങിന് നാട്ടിൽ നിന്ന് വന്ന Jomon ന്റെ അമ്മച്ചി ഉൾപ്പെട്ട പഴയ തലമുറക്കാർ വരെയുള്ള മൂന്നു ജെനറേഷൻകാരുടെ ഒരു സംഗമം കൂടെ ആയിരുന്നു,ഈ യാത്ര...

യൂണിറ്റിന്റെ വാട്സപ്പ് വഴിയും,ഫ്‌ബി പേജ് വഴിയും കൃത്യമായ നിദേശങ്ങൾ ഉണ്ടായതു കൊണ്ട് കൃത്യ സമയത്തു തന്നെ മീറ്റ് പോയിന്റിൽ എല്ലാവരും ഹാജർ ആയിരുന്നു...

റിയാദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെ ഉയാന (uyaynah) എന്ന ഒരുഗ്രാമത്തിൽ ആയിരുന്നു നമസ്കാരത്തിനു തിരഞ്ഞെടുത്ത സ്ഥലം.. അത് കഴിഞ്ഞാൽ പിന്നെ വിജനമായ മരുഭൂമി മാത്രമാണുള്ളത് ...

നമസ്കാര ശേഷം ഒന്നര മണിക്ക് യാത്ര തുടർന്നു  രണ്ടര മണിയോടെ ഭക്ഷണം കഴിക്കാനായി മരുഭൂമിക്ക് നടുക്കായി വളർന്നു നിൽക്കുന്ന അക്കോഷ്യ മരങ്ങൾക്കിടയിൽ ഞങ്ങൾ ഒത്തുകൂടി...

 അവിടെ വെച്ചാണ്, ധമ്മിലിട്ട ബിരിയാണി ചെമ്പുകൾ തുറക്കുക എന്ന വലിയ കർമം നിർവഹിക്കപ്പെട്ടത്...


പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.. തണുപ്പിന്റെ അസ്കിതയും, വിശപ്പിന്റെ കാഠിന്യവും കൊണ്ട്, ആദ്യ മൂന്ന് ചെമ്പുകൾ തീർന്നത് നിമിഷങ്ങൾ കൊണ്ടാണ്...

തമാശപറഞ്ഞും,ചിരിച്ചും, പരസ്പരം പാര വെച്ചും എല്ലാവരും ഒന്നിച്ചിരുന്നു ബിരിയാണി തീർത്തു... അപ്പോഴേക്കും അന്ന് രാവിലെ തൊട്ട് മാത്രം കണ്ടു പരിചയപ്പെട്ട ഞങ്ങൾ ഒരു കുടുമ്പത്തിലെ അംഗങ്ങളെ പോലെ ആയിരുന്നു... പരസ്പരം നിർദേശങ്ങൾ കൊടുക്കുകയല്ല, മറിച്ചു എല്ലാവരും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു...

അത് കൊണ്ട് ട്രിപ്പ് നിയന്ത്രിക്കുക എന്നത് ഒരു ബുദ്ധിമുട്ട് അല്ലായിരുന്നു...

ഭക്ഷണ ശേഷം അവിടെ മുഴുവൻ വൃത്തിയാക്കി, ഒരു വെയിസ്റ്റു പോലും ഇടാതെ എല്ലാവരും യഥാർത്ഥ സഞ്ചാരിയുടെ അന്തസത്ത കാത്തുസൂക്ഷിച്ചു...


അതിനു ശേഷമുള്ള യാത്ര ആയിരുന്നു ശരിക്കും മായികലോകത്തേക്കുള്ള യാത്ര...

അതവസാനിക്കുന്ന ഇടം  നമ്മൾ എത്തുന്നത് ഒരു വിസ്മയ തുമ്പത്താണ്...

ഭൂമി അവസാനിക്കുന്ന ഒരു മുനമ്പ്, അതിനപ്പുറം ഭൂമി ഇല്ലേ എന്ന് തോന്നപ്പോകും ആദ്യമായി ചെല്ലുന്നവർക്ക്...

നൂറ്റാണ്ടുകൾക്ക് മുൻപ് വേലിയിറങ്ങിപ്പോയ ഒരു കടലിന്റെ  ശേഷിപ്പുകൾ..

കടൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഭാഗത്ത് രൂപംകൊണ്ട അഗാധഗർത്തം, സമുദ്രന്തര ഭാഗങ്ങളിൽ കാണപ്പെടുന്ന പവിഴ പുറ്റുകളുടെയും, ചുണ്ണാമ്പ് കല്ലുകളുടെയും അവശിഷ്ടങ്ങൾ... തിരകൾ പാറകളിൽ ഉണ്ടാക്കിയ അതിമനോഹര കൊത്തുപണികൾ... അതൊക്കെ കണ്ടാൽ കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴോ ആണ് കടൽ ഇറങ്ങി പോയത് എന്ന് തോന്നിക്കും...

വാഹനത്തിൽ നിന്ന് ഇറങ്ങി, ഒരു മുനമ്പിൽ നിന്ന് മറ്റൊരു മുനമ്പിലേക്കുള നേർത്ത അതിർ വരമ്പിലൂടെ ഉള്ള സാഹസം നിറഞ്ഞ ട്രെക്കിങ്ങ്, മറക്കാനാവാത്ത അനുഭവം തന്നെയാണ്...

അതിമനോഹരമായ സൂര്യാസ്തമയത്തിനു ശേഷം മനസ്സില്ലാ മനസ്സോടെ, മടക്ക യാത്ര.. മടക്കയാത്രയിൽ മുഴുവനും വഴികാട്ടിയായി തെളിഞ്ഞ മാനത്ത്  വയലാറിന്റെ ഗാനങ്ങൾക്ക് ജീവൻ നൽകുമാർ പൂർണ ചന്ദ്രൻ നിറഞ്ഞു നിന്നിരുന്നു...

പ്രേവശന കവാടം കഴിഞ്ഞുള്ള ഒരു മരത്തിന് ചുവട്ടിൽ വാഹനം വൃത്താകൃതിയിൽ നിർത്തി വീണ്ടുമൊരു ഒത്തുചേരൽ...

നടുക്ക് വിറക് കത്തിച്ചു, ചൂട് സുലൈമാനിയും,ഉണ്ണിയപ്പവും,കൂട്ടത്തിൽ പാട്ടും ഡാൻസും... ശരിക്കും ആടി തിമിർക്കുകയായിരുന്നു.. ഒരു പ്രവാസി എന്ന എല്ലാ ചിന്തകളിൽ നിന്നും മാറി മനസ്സ് വേറെ ഏതോ ലോകത്ത് പോയ പ്രതീതി...

ഒടുവിൽ നിറഞ്ഞ മനസ്സും, സഞ്ചാരത്തിന്റെ പുതിയ പ്രതീക്ഷകളുമായി , മനസ്സില്ലാ മനസ്സോടെ അവരവരുടെ വാസസ്ഥലങ്ങളിലേക്ക്...

വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ...

(കേവലം ഒരു ഫ്രെയിമിൽ ഒതുക്കാവുന്ന കാഴ്ചയല്ല എഡ്ജ് ഓഫ് വേൾഡ്...

ആ പരിമിതിയിൽ നിന്ന് കൊണ്ട് ഞാൻ പകർത്തിയ ചില കാഴ്ചകൾ ഉൾപ്പെടുത്തുന്നു...)









Comments

Popular posts from this blog