മറവിയുടെ നേര്‍ത്ത ഭാവം പോലും സ്പര്‍ശിക്കാത്ത, ചിതല്‍ തൊടാത്ത, കനല്‍ പോലെ എന്നും എരിഞ്ഞു കൊണ്ടിരിക്കുന്ന മധുരമുള്ള നോവുനര്‍ത്തുന്ന വികാരമാണ് എന്റെ മനസ്സില്‍ ഓര്‍മ്മകള്‍. ഒരു സുഖമുള്ള നൊമ്പരം, ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വീണ്ടും ഞാന്‍ അവയെ കൊതിക്കുന്നു, എന്റെ കുട്ടികാലം ഒരു നേര്‍ത്ത വേദനയോടെ എന്റെ മനസ്സിനെ മുറിവ് ഏല്‍പ്പിക്കാറുണ്ട്.
കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു, എത്ര പെട്ടെന്നാണ് ദിവസങ്ങളും വര്‍ഷങ്ങളും ഓടി മറയുന്നത്, ഇനിയും തിരിച്ചു കിട്ടാത്ത എന്റെ ബാല്യത്തോട് എനിക്ക് വല്ലാത്ത പ്രണയമാണ്, മറക്കാത്ത അനുഭൂതിയായി എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് പോകാന്‍ വെമ്പി നില്‍ക്കാറുണ്ട്. പാടത്തോട് ചേര്‍ന്നുള്ള എന്റെ വീട്ടില്‍ ഞാനും എന്റെ സഹോദരനും കൂടെ ചെറിയ കാര്യങ്ങള്‍ക്കു പോലും ഇടയ്ക്കിടെ തല്ലു കൂടുന്നതും, പിണക്കം മാറ്റാന്‍ അവന്‍ എന്നെ പുഴയിലേക്ക് കൊണ്ട് പോകുന്നതും, അവിടെ നിന്നും മീന്‍ പിടിക്കുന്നതും, വയല്‍ വരമ്പിലൂടെ ഓടി കളിക്കുന്നതും, വീണ്ടും പിണങ്ങി എന്നെ പാടത്തെ ചെളി വെള്ളത്തിലേക്ക്‌ തള്ളിയിട്ടു ചെളി പുരണ്ട വസ്ത്രവുമായി വീട്ടില്‍ കയറാന്‍ പേടിച്ചു മതിലിനു അപ്പുറത്ത് ഒളിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങളെ കണ്ട ഉമ്മച്ചി ചീത്ത പറയുന്നതും, എന്നും എന്റെ മനസ്സിന്റെ കോണില്‍ മായാത്ത ചിത്രമായി കാത്തു സൂക്ഷിച്ചിട്ടുണ്ട്, ഇത് പോലെ എത്രയോ അനുഭവങ്ങള്. ‍എത്രയൊക്കെ പക്വതയുണ്ട്, എത്ര വലുതായി എന്നു അഹങ്കാരത്തോടെ പറഞ്ഞാലും ഓര്‍മ്മയുടെ കല്‍വിളക്കില്‍ തിരി കൊളുത്തുമ്പോ ഞാന്‍ എന്നും ആ കൊച്ചു കുട്ടിയായി മാറുന്നു.
മറവി ചിലപ്പോഴൊക്കെ അനുഗ്രഹം ആണെന്ന് പറയാറുണ്ട്, ഓര്‍ത്തു വെച്ചതെല്ലാം എങ്ങോ നഷ്ട്ടപെടുന്ന വേദനയാണ് മറവി, എന്തോ മറവിയുടെ വല്‍ക്കലം എന്റെ മനസ്സിനെ അണിയിക്കാന്‍ ഞാന്‍ ഇഷ്ട്ടപെട്ടിരുന്നില്ല. ജീവിതം എത്ര തിരക്കുള്ളതായാലും തിരക്കുള്ള നഗരത്തിലേക്ക് പറിച്ചു നട്ടാലും ഞാന്‍ എന്നും എന്റെ നാടിനെയും നാടിന്‍റെ നന്മയും സ്നേഹിക്കുന്ന , അമ്പലവും , കാവും, കുളവും, പച്ചപ്പും ഇഷ്ട്ടപെടുന്ന , മനസ്സിലെ നിഷ്കളങ്കതയെ ഒരിക്കലും നഷ്ട്ടപെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളാണ്, മനസ്സില്‍ ബാല്യത്തിന്റെ നോവു ഉണരുമ്പോള്‍ കൊതിയോടെ ഞാന്‍ ആഗ്രഹിക്കാറുണ്ട് , ആ കുട്ടികാലത്തില്‍ അലിഞ്ഞു ചേരാന്‍, ഒരിക്കല്‍ കൂടെ ആ കാലത്തില്‍ ജീവിക്കാന്‍.,..
പ്രവാസ ലോകത്ത് നിന്നും നിങ്ങളുടെ സ്വന്തം മുസമ്മിൽ.എംപി#87
ഫോട്ടോ : എൻ്റെ അളിയൻ :- ഉബൈത് തലപ്പിൽ, ചെറുമ്മുക്ക്

Comments

Popular posts from this blog