മരുഭൂമിയിൽ മഴ പെയ്യുമ്പോൾ



രാവിലെ  ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്, ആകാശം  കറുത്തിരുണ്ടിരിക്കുന്നു. ഗൾഫിൽ മഴയുടെ  വരവായി എന്ന് തോന്നുന്നു. ഓഫീസിലെത്തിയ ഉടൻ സ്ഥിരം പതിവായ  ഒരു സുലൈമാനി  ഓഫീസ് ബോയി  മേശപ്പുറത്തു  കൊണ്ടുവച്ചു. കട്ടൻ ചായ നല്ലചൂടോടെ  മൊത്തികുടിക്കുമ്പോഴാണ്  റൂമിന്  പുറത്തുനിന്ന്  ഒരു ബഹളം കേട്ടത്. പുറത്തു മഴപെയ്യുന്നു. ആളുകൾ കൂട്ടമായി  മഴകാണുവാൻ  പുറത്തേക്ക്  ഓടുന്ന  ബഹളം  ആണ്  ഞാൻ   കേട്ടത്. മരുഭൂമിയിൽ അങ്ങനെ ആണ്, മഴ എല്ലാവർക്കും  ഒരു  കൗതുകമാണ്. ഞാനും  കൈയ്യിൽ  ചായക്കപ്പുമായി പുറത്തേക്കു പോയി മഴ കണ്ടുനിന്നു. വല്ലാതെ കൗതുകമാണ് മരുഭൂമിയിൽ  മഴ കണ്ടുനിൽക്കാൻ..


അലസമായി  മഴയെ നോക്കിനിന്നപ്പോൾ  അറിയാതെ ചെറുപ്പകാലത്ത്   സ്കൂൾ  വരാന്തയിൽ  മഴനോക്കി നിന്ന പഴയകാലം ഓർമ്മിച്ചു പോയി. മഴ മനസ്സിനെ ഏറെ ദൂരം പുറകിലേക്ക് കൊണ്ടുപോയി ... മഴകാഴ്ച്ചയും, പുതുമഴയുടെ  മണവും തുള്ളികൾ തുരുതുരാ വീഴുന്ന  ശബ്ദവുമൊക്കെ  ഒരു ഗൃഹാതുരത്വമുണർത്തുന്ന  നനുത്ത ശീലായി എന്റെ  മനസ്സിൽ കുളിരേകി. കുട എടുക്കാൻ മറന്നു സ്കൂൾ  വരാന്തയിൽ മഴ കണ്ടു നിൽക്കാൻ  എന്തായിരുന്നു ശേല്. മഴയെ  ശരിക്കും കണ്ടതും അറിഞ്ഞതും അത്തരം ചില നിമിഷങ്ങളിലാണ്.. ആ ഓർമ്മകൾക്ക്  ഇന്നും ഒരു സുഗന്ധമുണ്ട്... പുതുമഴ നനഞ്ഞ മണ്ണിന്‍റെയും  കൂലംകുത്തി സ്കൂൾ മുറ്റത്തുകൂടെ ഒലിയ്ക്കുന്ന മഴവെള്ളത്തിന്റെയും  ഗന്ധം. ഓടിൻപുറത്ത്  മേളപ്പദം തീർക്കുന്ന മഴയുടെ താളം. ഓടിന്റെ  ഈറയിലൂടെ മഴവെള്ളം തുമ്പിക്കെയുടെ വണ്ണത്തിൽ  സ്കൂൾ  മുറ്റത്ത്  വീണു ചാലുകൾ  തീർത്തു ഒഴുകുന്നത് കാണാൻ എന്തു രസം...



തിണ്ണയിൽ  നിന്ന് മഴവെള്ളത്തിലേക്ക് കാലും നീട്ടി പിടിച്ച് പാതി നനഞ്ഞു സ്വപ്‍നം കണ്ടു അങ്ങനെ നിൽക്കുക .. മഴവെള്ളം ചാലുകളായി ഒഴുകി തോടായി  മാറി ഒടുവിൽ പുഴയായി മാറി ,പുഴകൾ  തമ്മിൽ ചേർന്ന്  കടലായി മാറുന്നതും  സങ്കൽപ്പിച്ചു അങ്ങനെ നിൽക്കുക. ആർത്തലച്ചു പെയ്യുന്ന മഴ ഒടുവിൽ  മന്ദഗതിയിൽ  ആകും. അപ്പോഴാകും ചില കരുമാടി കുട്ടന്മാർ മഴയത്തേക്കു ചാടുക. ചെളിവെള്ളം വരാന്തയിൽ നിൽക്കുന്നവരുടെ ഒക്കെ ദേഹത്ത് തട്ടിത്തെറിപ്പിച്ചു കലപില ഉണ്ടാക്കുന്ന ബാല്യത്തിന്റെ വികൃതികൾ...മഴയിൽ നനഞ്ഞ ഉടുപ്പു പിഴിഞ്ഞ്,  പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിലൊതുക്കി കാത്തുനിൽക്കും. കവർ ഷർട്ടിനുള്ളിൽ തിരുകി മഴ ഒന്നു തോരുമ്പോൾ വീട്ടിലേക്കു ഒറ്റ പാച്ചിലാണ്. എത്ര കൊതിച്ചാലും അതൊന്നും ഒരിക്കലും തിരിച്ചു വരില്ലെന്നുള്ള തിരിച്ചറിവാണ് ആ ഓർമ്മകളെ  അമൂല്യമാക്കി മാറ്റുന്നത്... മരുഭൂമിയിലെ മഴയ്ക്ക് പഴയ സ്കൂൾ കാലത്തെ മഴയുടെ ഭംഗിയില്ലെങ്കിലും മനസ്സൊന്നു കുളിരും..



നാട്ടിലെ  മഴസമൃദ്ധിയിൽ നിന്ന്  വ്യത്യസ്തമായി  മരുഭൂമിയിൽ പൊഴിയുന്ന കുറച്ചു മഴത്തുള്ളികൾ . പ്രവാസ ജീവിതത്തിന്റെ വേവലിൽ അപൂർവ്വമായി   കിട്ടുന്ന സൗഭാഗ്യമാണ് ഈ  മഴ.. ആ മഴപോലും ആസ്വദിക്കാൻ കഴിയാതെ ഉള്ളിലെ കത്തുന്ന ചൂടിൽ  വേവുന്ന ഒരുപാടു പേരുണ്ട് മരുഭൂമിയിലെ പ്രവാസ ജീവിതത്തിൽ..

Comments

Popular posts from this blog